ഇലഞ്ഞിത്തറമേളം

ഇലഞ്ഞിത്തറമേളം
(എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ  ഇലഞ്ഞിത്തറമേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  പരിചയപ്പെടുത്തുന്നു.)

വാദ്യസംസ്കാരം 
കേരളം വാദ്യസംസ്കാരത്തിന്റെ പേരിൽ ഏറെ പ്രസിദ്ധമാണ്.ശ്രുതിമധുരമായ നാദം സൃഷ്ടിക്കുന്ന ഉപകരണങ്ങളാണ് വാദ്യങ്ങൾ.വാദ്യോപകരണങ്ങളെ പ്രയോഗിക്കപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കി ഗാനവാദ്യങ്ങൾ, ശ്രുതിവാദ്യങ്ങൾ,താളവാദ്യങ്ങൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. കേരത്തിൽ താളവാദ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.താളവാദ്യങ്ങളുടെ മ്യൂസിയം എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്.

വാദ്യകലാകാരന്മാർ
കേരളത്തിൽ നിരവധി പേരുക്കേട്ട വാദ്യ കലാകാരന്മാർ ഉണ്ട്.കേരളത്തെ വിദേശീയർക്കിടയിൽ പ്രശസ്തമാക്കി യതിൽ നമ്മുടെ വാദ്യകലാകാരന്മാർക്ക് വലിയ പങ്കുണ്ട്.
വാദ്യകല അഭ്യസിക്കാനും വാദ്യകലയെ ക്കുറിച്ച് പഠിക്കാനും കേരളത്തിൽ എത്തുന്ന  വിദേശികൾ ധാരാളമാണ്. മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻമാരാർ, പല്ലാവൂർ സഹോദരന്മാർ, അന്നമട പരമേശ്വരൻ നായർ തുടങ്ങിയ പ്രസിദ്ധരായ ഒട്ടനവധി വാദ്യകലാകാരന്മാർ കേരളത്തിലുണ്ട്.
തൃശ്ശൂർ പൂരം
കേരളത്തിലെ പേരുകേട്ട നിരവധി പൂരങ്ങൾ ഉണ്ട്. അവയിൽ ഏറെ പ്രശസ്തമാണ് തൃശൂർ പൂരം.
കേരളത്തിലെ ഏറ്റവും വർണ്ണപ്പകിട്ട് ഉള്ള
ക്ഷേത്രോത്സമാണ് തൃശൂർ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്. തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വടക്കുംനാഥൻ ക്ഷേത്രത്തിലും അതിനോട് ചേർന്നുള്ള തേക്കിൻക്കാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്.
https://youtu.be/iTo7z_fWyog
(തൃശൂർ പൂരത്തിന്റെ ഐതിഹ്യം അറിയാൻ ഈ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.)

ഇലഞ്ഞിത്തറമേളം
കാണികൾക്ക് ആവേശം പകരുന്ന നിരവധി പ്രത്യേകതകൾ തൃശൂർ പൂരത്തിനുണ്ട്.അവയിൽ ഒന്നാണ് ഏറെ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം.തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പാണ്ടിമേളമാണിത്.
പാണ്ടിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിങ്ങനെ ചെണ്ടമേളം പലതരമുണ്ട്.അതിൽ ഏറ്റവും പുരാതനമായത് പാണ്ടിമേളമാണ്. സാധാരണയായി ക്ഷേത്രത്തിന്റെ മതിൽ കെട്ടിന് പുറത്ത് വെച്ചാണ് പാണ്ടിമേളം കൊട്ടുന്നത്.എന്നാൽ തൃശൂർ പൂരത്തിൽ വടക്കുംനാഥൻ ക്ഷേത്രത്തിനുള്ളിലെ ഇലഞ്ഞിമരത്തിന്റെ ചുവട്ടിലായി  ഒരുക്കിയ വലിയ പന്തലിൽ വെച്ചാണ് പാണ്ടിമേളം കൊട്ടുന്നത്. ഇലഞ്ഞി മരത്തിന് താഴെ വെച്ചു നടക്കുന്നത് കൊണ്ടാണ് ഈ മേളത്തിന് ഇലഞ്ഞിത്തറമേളം എന്ന് പേരുവന്നത്.
https://youtu.be/m_pp9envV7s
(ഇലഞ്ഞത്തറമേളം വീഡിയോ കാണാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.)

ചെണ്ട, ഇലത്താളം, കൊമ്പ്,കുറുങ്കുഴൽ
എന്നിവയാണ് പാണ്ടിമേളത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ.
പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം  അവതരിപ്പിക്കുന്നത്.സാധാരണയായി ഇരുന്നൂറ്റമ്പതോളം വാദ്യകലാകാരന്മാർ ഇതിൽ പങ്കെടുക്കാറുണ്ട്.ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന മേള മാണിത്.ആദ്യം ഇടത്തു കലാശം, അതിനുശേഷം അടിച്ചു കലാശം, പിന്നെ തകൃത, അതിനുശേഷം ത്രിപുട എങ്ങിനെയാണ് മേളം മുറുകുന്നത്.

ഈ മാറുന്ന കാലഘട്ടത്തിലും കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന തനതായ വാദ്യ സംസ്കാരത്തെ കേരളീയർ ഇന്നും മുറുകെ പിടിക്കുന്നതിന് തെളിവുകളാണ്
ഇന്നും നമുക്ക് ചുറ്റും അരങ്ങേറുന്ന മേളങ്ങളും അതിന്റെ താളമാധുര്യത്തിൽ ആവേശഭരിതരായി നിൽക്കുന്ന ആസ്വാദനസമൂഹവും.




Comments

Popular posts from this blog

ശിശുദിനം